22 September 2011

ടെലിവിഷനില്‍ ഇനി ഇന്റര്‍നെറ്റ് ചിത്രങ്ങള്‍

പോയ നൂറ്റാണ്ടിലെ സാങ്കേതികതയുടെ മുഖ്യ സംഭാവനകളിലൊന്നായ ടെലിവിഷന്‍ ഇന്ന് കമ്പ്യൂട്ടറിന്റെ അതിവേഗ കടന്നുകയറ്റത്തില്‍ അല്‍പം പിന്നിലായിട്ടുണ്ട്. ബ്ലാക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്കും ഡിജിറ്റല്‍ തനിമയിലേക്കും പരിണമിച്ചെത്തിയ ഈ മാധ്യമം ഇപ്പോള്‍ സമൂലമായൊരു മാറ്റത്തിന്റെ തയാറെടുപ്പിലാണ്. കൂടുതല്‍ ചാനലുകളോ എല്‍.സി.ഡിയും എല്‍.ഇ.ഡിയും കാഴ്ചവെക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളോ ക്രിസ്റ്റല്‍ ക്ലിയര്‍ ശബ്ദ സംവിധാനമോ അല്ല, മറിച്ച് പുതിയ കാലത്ത് സ്വീകരണമുറിക്ക് അലങ്കാരമാകുന്ന തരത്തിലുള്ള അതിന്റെ വിവിധോദ്ദേശ്യ നിര്‍മിതിയാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചെടുക്കുന്നത്. ചാനല്‍ പരിപാടികളും സീഡിയും ഡീവീഡിയും മാത്രം സ്വീകരിച്ചിരുന്ന ടി.വിയില്‍ ഇനി വെബ്‌സൈറ്റുകളൊരുക്കുന്ന ചിത്രങ്ങളും വീഡിയോകളും ഡാറ്റകളും ലഭ്യമാവുകയാണ്. യൂട്യൂബ് വീഡിയോകളുള്‍പ്പെടെ ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന ദശലക്ഷക്കണക്കിന് വീഡിയോ ചിത്രങ്ങളും ഇനി ടിവിയില്‍ നേരിട്ട് ലഭ്യമാക്കാം.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുതിയ സങ്കേതങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉപകരണം കമ്പനികള്‍ രംഗത്തിറക്കുന്നത്. മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ കാമറ, കമ്പ്യൂട്ടര്‍ തുടങ്ങിയവയെ ബ്ലൂടൂത്ത് മുഖേന ടിവിയുമായി ബന്ധിപ്പിക്കാം. അതോടെ, പാട്ടുകളും ചിത്രങ്ങളും വീഡിയോ പരിപാടികളും ടി.വിയിലൂടെ ഡിജിറ്റല്‍ തനിമയില്‍ ആസ്വദിക്കാം. ഇതിനുപുറമെ, ചില കമ്പനികള്‍ എഫ്.എം റേഡിയോ സൗകര്യം കൂടി ഒരുക്കുന്നു. ഇനിമുതല്‍ ടെലിവിഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ വ്യത്യസ്ത ഉപയോഗങ്ങള്‍ കൂടി അന്വേഷിക്കേണ്ടതുണ്ട്.
എല്‍.ജിയുടെ 'ഇന്‍ഫിനിയ' സീരീസ് ഉള്‍പ്പെടെ ഏതാനും ബ്രാന്‍ഡുകള്‍ ടി.വിയില്‍ വയര്‍ലസ് ഓഡിയോ വീഡിയോ ലിങ്കിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, ബ്ലൂടൂത്തിലൂടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഇതര ഉപകരണങ്ങളും ബന്ധിപ്പിക്കാം. വൈഫൈ കണക്ഷന് പുറമെ വയര്‍ലെസ് ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക് സൗകര്യവും ഇതില്‍ ലഭ്യമാക്കിയിരിക്കുന്നു. അതീവ വേഗതയില്‍ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്ന യു.എസ്.ബി 2.0 സംവിധാനമാണ് പുതിയ ടി.വിയുടെ മറ്റൊരു സവിശേഷത.

ഇതിന്റെ നെറ്റ്കാസ്റ്റ് എന്റര്‍ടൈന്‍മെന്റ് ആക്‌സസ് സിസ്റ്റത്തിന് ബ്രോഡ്ബാന്‍ഡ് അഡാപ്റ്ററിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ തടസ്സം കൂടാതെ കാണിക്കാനാകും. ഇതിനായി ഓണ്‍ലൈന്‍ കണ്ടന്റ് സേവനം നല്‍കുന്ന കമ്പനികളുമായി ധാരണയായിട്ടുണ്ട്. ഇതിനു പുറമെ 75 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറക്കാനും ഇവക്ക് കഴിയുമത്രെ.

സോണിയുടെ പുതിയ ഇനമായ ബ്രാവിയാ സീരീസിലെ ഹൈ ഡെഫിനിഷന്‍ വീഡിയോ പ്രോസസര്‍ സംവിധാനം ചിത്രങ്ങളെ കൂടുതല്‍ വ്യക്തതയോടെ പുനര്‍നിര്‍മിക്കാന്‍ കഴിവുറ്റതാണ്. കമ്പ്യൂട്ടറിലെയും ഡിജിറ്റല്‍ കാമറയിലെയും പടങ്ങളും വീഡിയോകളും മാറ്റം കൂടാതെ തന്നെ കാണാന്‍ സഹായിക്കുന്നത് ഇതിന്റെ ഹൈ ഡെഫിനിഷന്‍ മള്‍ട്ടി ഇന്റര്‍ഫെയ്‌സ് ടെക്‌നോളജിയാണ്. വയര്‍ലെസ് പി.സി നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെ മൂന്ന് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കാന്‍ പറ്റിയ തരത്തിലാണ് സാംസങ് തങ്ങളുടെ പുതിയ എല്‍..ഡി ടി.വികള്‍ രംഗത്തിറക്കുന്നത്. കമ്പ്യൂട്ടറിലേതു പോലുള്ള ഇതിന്റെ ടച്ച് സ്‌ക്രീന്‍ സംവിധാനം ഏറെ ആകര്‍ഷകമാണ്.


പുതിയ ടി.വികളുടെ പ്രധാന സവിശേഷത ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുകൊണ്ട് വെബ്‌സൈറ്റുകളും വീഡിയോ ചിത്രങ്ങളും ഏറെ വ്യക്തതയോടെ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യങ്ങളാണ്. അതോടൊപ്പം വൈദ്യുതി ഉപയോഗം വലിയൊരളവ് വരെ കുറക്കാനും ഇവ സഹായകമാകും.

No comments:

Post a Comment