22 September 2011

സെര്‍ച് എന്‍ജിന്‍ രംഗത്തേക്ക് ഒരു നവാഗതന്‍

ഗൂഗ്ള്‍, യാഹൂ, ബിങ് തുടങ്ങിയ നിരവധി സെര്‍ച് എന്‍ജിനുകള്‍ ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിക്കാന്‍ പരസ്‌പരം മത്സരിക്കുന്നതിനിടെ ഈ രംഗത്തേക്ക് പുതിയൊരെണ്ണം കൂടി കടന്നുവരുകയാണ്. 'ബ്ലെക്കോ' (blekko) എന്നാണ് ഈ പുതിയ സെര്‍ച് എന്‍ജിന്റെ പേര്.


നിലവിലെ സെര്‍ച് എന്‍ജിനുകള്‍ ആവശ്യമുള്ളതിലും കൂടുതല്‍ സെര്‍ച് ഫലങ്ങള്‍ നമ്മുടെ മുന്നിലെത്തിക്കുന്നതിനാല്‍ ഉപയോക്താവിന് ആശയക്കുഴപ്പവും സമയനഷ്ടവുമുണ്ടാകുന്നു. ഇതിന് പ്രതിവിധി എന്ന നിലക്കാണ് ബ്ലെക്കോ എത്തുന്നത്. ആവശ്യമില്ലാത്ത സെര്‍ച് ഫലങ്ങള്‍ മുന്നിലെത്തിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതെ പ്രസക്തമായ ഫലങ്ങള്‍ മാത്രം നല്‍കുക എന്നതാണ് പുതിയ സെര്‍ച് എന്‍ജിന്റെ രീതി. ഇതര സെര്‍ച് എന്‍ജിനുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ.



'സ്ലാഷ്ടാഗ്‌സ്' (slashtags) എന്ന സവിശേഷമായ ടെക്‌നോളജിയാണ് ബ്ലെക്കോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രസക്തവും അര്‍ഥവത്തുമെന്ന് കരുതുന്ന 300 കോടി വെബ് പേജുകളാണ് ഈ സെര്‍ച് എന്‍ജിനില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും മുന്നിലുള്ള സെര്‍ച് ഫലങ്ങള്‍ മാത്രമേ ഒരു നിശ്ചിത വിഷയത്തില്‍ സെര്‍ച് ചെയ്യുമ്പോള്‍ ലഭിക്കുകയുള്ളൂ. എഡിറ്റ് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളുടെ ഈ പട്ടികകളെയാണ് 'സ്ലാഷ്ടാഗ്‌സ്' എന്നു വിളിക്കുന്നത്. 'സ്ലാഷ് ദ വെബ്' എന്നതാണ് ബ്ലെക്കോയുടെ മുദ്രാവാക്യം.



നിലവാരം കുറഞ്ഞ വെബ്‌സൈറ്റുകള്‍ ചില വിദ്യകള്‍ ഉപയോഗിച്ച് സെര്‍ച് ഫലങ്ങളില്‍ മുമ്പിലെത്താറുണ്ട്. സ്ഥൂലമായ സെര്‍ച് ഫലമാണ് ഇതുമുഖേന ലഭിക്കുക. മുഖ്യമായും health, colleges, autos, personal finance, lyrics, recipes, hotels എന്നീ ഏഴ് വിഭാഗങ്ങളിലാണ് ആവശ്യമില്ലാത്ത സെര്‍ച്ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ വരുന്നതെന്ന് ബ്ലെക്കോ കണക്കാക്കുന്നു. ഈ വിഷയങ്ങളില്‍ സ്വയം എഡിറ്റ് ചെയ്ത സെര്‍ച്ഫലങ്ങളാണ് ബ്ലെക്കോയില്‍ ലഭിക്കുക. സാധാരണ ഗതിയില്‍ ഗൂഗഌലും മറ്റും ഏതെങ്കിലും വിഷയത്തില്‍ സെര്‍ച് ചെയ്യുമ്പോള്‍ ലിങ്കുകളും കീവേഡുകളും ഉള്‍പ്പെടെ നിരവധി ഫലങ്ങള്‍ മുന്നിലെത്തുന്നു. അതുകൊണ്ടു തന്നെ പ്രസക്തമായ ഫലങ്ങള്‍ സെര്‍ച് വഴി കണ്ടെത്താനാവില്ലെന്നത് ഇവയുടെ ന്യൂനതയാണ്.


ഇതൊഴിവാക്കുക എന്നതാണ് പുതിയ ടെക്‌നോളജി ലക്ഷ്യമാക്കുന്നത് - ബ്ലെക്കോയുടെ സ്ഥാപകരിലൊരാളായ റിച്ച് സ്‌ക്രെന്റ പറയുന്നു. സെര്‍ച് ഫലങ്ങള്‍ ശുദ്ധീകരിക്കുക വഴി ആവശ്യമില്ലാത്ത സ്‌പാം സൈറ്റുകളെ അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യം കൂടി ബ്ലെക്കോക്കുണ്ട്. മൂന്നു വര്‍ഷത്തെ വികസനത്തിനും ഏതാനും മാസങ്ങളിലെ ബീറ്റാ ടെസ്റ്റിങ്ങിനും ശേഷം നവംബര്‍ ഒന്നിനാണ് ബ്ലെക്കോ പുറത്തിറക്കിയത്. ബ്ലെക്കോയുടെ വരവിനെ 'ഗൂഗ്ള്‍ കില്ലര്‍' എന്നാണ് വെബ്‌ലോകം വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഗൂഗഌമായി ഒരു മത്സരത്തിന് തങ്ങള്‍ ഇല്ലെന്ന് ഇതിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ സെര്‍ച് അനുഭവം സമ്മാനിക്കുകയാണത്രെ ബ്ലെക്കോയുടെ ലക്ഷ്യം.
http://blekko.com/

2 comments: