
ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയും കുറച്ച് മാത്രം ഊര്‍ജം ഉപയോഗിക്കുന്നതുമായ പുതിയ നാനോ മാഗ്‌നെറ്റിക് കമ്പ്യൂട്ടറുകളുടെ നിര്‍മാണത്തിലാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരുവിഭാഗം ഗവേഷകര്‍. നിലവിലുള്ള കമ്പ്യൂട്ടറുകള്‍ ധാരാളം ഊര്‍ജം വെറുതെ കളയുന്നുവെന്നാണ് കണക്ക്.
ഭൗതിക ശാസ്ത്ര നിയമപ്രകാരം, ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഊര്‍ജത്തിലും കൂടുതലാണിത്. കമ്പ്യൂട്ടറിന്റെ വൈദ്യുത പരിപഥത്തില്‍ കൂടിയുള്ള ഇലക്‌ട്രോണ്‍ സഞ്ചാരത്തിന് കൂടുതല്‍ ഊര്‍ജം ആവശ്യമുണ്ട്. ഇതിനുപുറമെ, ഇലക്‌ട്രോണ്‍ സഞ്ചാരത്തിനിടെ വലിയ അളവില്‍ ഊര്‍ജം താപമായും നഷ്ടപ്പെടുന്നുണ്ട്. ഇതൊഴിവാക്കാവുന്നതാണ് നാനോ മാഗ്‌നറ്റിക് കമ്പ്യൂട്ടറെന്ന്, പുതിയ കമ്പ്യൂട്ടറിനെ കുറിച്ച ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ജെഫ്രി ബോക്കര്‍ പറയുന്നു.
സാധാരണയായി കമ്പ്യൂട്ടറുകളില്‍ സിലിക്കണ്‍ നിര്‍മിത മൈക്രോ പ്രോസസറുകളാണ് ഉപയോഗിക്കാറുള്ളത്. ഈ പ്രോസസറുകളില്‍ വൈദ്യുത പ്രവാഹ സമയത്ത് ഊര്‍ജത്തിന്റെ നല്ലൊരംശം താപോര്‍ജമായി പോകുന്നു. ഇതിനുപകരം കുഞ്ഞുകാന്തങ്ങള്‍ ഉപയോഗിച്ചുള്ള മൈക്രോപ്രോസസറുകളില്‍ ഇലക്‌ട്രോണ്‍ പ്രവാഹം മൂലമുണ്ടാകുന്ന താപനഷ്ടം ഇല്ലാതാക്കി നല്ലൊരു ശതമാനം ഊര്‍ജം ലാഭിക്കാമെന്നതാണ് ഗവേഷകരുടെ നിഗമനം. അങ്ങനെയെങ്കില്‍ കൂടുതല്‍ ക്ഷമതയാര്‍ന്ന കമ്പ്യൂട്ടറുകര്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. പ്രോസസറുകളില്‍ ഉപയോഗിക്കാനുള്ള നാനോ മാഗ്‌നെറ്റിന്റെ നിര്‍മാണം തുടങ്ങിയിട്ടേയുള്ളൂ. ഈ പരീക്ഷണത്തില്‍ ഏറ്റവും നിര്‍ണായകം നാനോ മാഗ്‌നെറ്റിന്റെ നിര്‍മാണം തന്നെയാണ്.
ഇത്തരം കമ്പ്യൂട്ടറുകള്‍ ഏറ്റവും ഉപയുക്തമാവുക ബഹിരാകാശ പരീക്ഷണങ്ങളിലും മറ്റുമായിരിക്കും.
No comments:
Post a Comment