23 September 2011

പരിധികളില്ലാതെ, ഇനി ഇന്റര്‍നെറ്റ് ഡൊമെയ്ന്‍

ഇനി ഏതെങ്കിലും ഇന്റര്‍നെറ്റ് വിലാസത്തില്‍ ഡോട്ട് കോം, ഡോട്ട് ഇന്‍ഫോ തുടങ്ങിയ ഡൊമെയ്ന്‍ നെയിമുകള്‍ക്ക് പകരം ഡോട്ട് ഡെല്‍ഹിയെന്നോ ഡോട്ട് കേരളയെന്നോ മറ്റോ കണ്ടാല്‍ അതിശയിക്കേണ്ട.

വെബ് സൈറ്റ് അഡ്രസുകള്‍ക്ക് അനുമതി നല്‍കുന്ന ആഗോള സംഘടനയായ ദി ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നംബേഴ്‌സ് (ഐകന്‍) ഇതിനുവേണ്ട സൗകര്യം ചെയ്തു കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ വെബ്‌സൈറ്റ് ഡൊമെയ്ന്‍ നെയിമുകള്‍ ആവശ്യക്കാരന് ഇഷ്ടമുള്ള വിധം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ചെയ്തതായി സംഘടനയുടെ പ്രസിഡന്റ് റോഡ് ബെക്ക്‌സ്‌റ്റ്രോം അറിയിച്ചു. സിംഗപ്പൂരില്‍ കഴിഞ്ഞദിവസം നടന്ന ഐകന്റെ യോഗത്തിലാണ് സൈബര്‍ലോകത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന തീരുമാനമുണ്ടായത്.


നിലവില്‍, ഡോട്ട് കോം, ഡോട്ട് ഇന്‍ഫോ, ഡോട്ട് എജു തുടങ്ങി 22 ഡൊമെയ്ന്‍ നെയിമുകളാണുള്ളത്. സൈറ്റുകള്‍ കൈകാര്യം ചെയ്യുന്ന മേഖലകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ ഡൊമെയ്ന്‍ നെയിമുകള്‍ അനുവദിക്കപ്പെട്ടിരുന്നത്. ഇതു പ്രകാരം, സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നത് വിദ്യാഭ്യാസമാണെങ്കില്‍ ഡോട്ട് എജു എന്നും നെറ്റ് വര്‍ക് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതാണങ്കെില്‍ ഡോട്ട് നെറ്റ് എന്നും സ്ഥാപനങ്ങളും മറ്റുമാണെങ്കില്‍ ഡോട്ട് കോം എന്നുമൊക്കെയാണ് ഉപയോഗിക്കുക. ഇതുകൂടാതെ, 250 ഓളം രാജ്യങ്ങള്‍ക്ക് പ്രത്യേക ഡൊമെയ്ന്‍ നെയിമുകളുണ്ട്. ഇന്ത്യക്ക് ഡോട്ട് ഇന്‍ എന്നും ബ്രിട്ടന് ഡോട്ട് യുകെ എന്നുമാണ് രാഷ്ട്ര ഡൊമെയ്ന്‍ നെയിമുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്.


ഐകന്റെ പുതിയ തീരുമാനത്തോടെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെല്ലാം അവര്‍ക്കിഷ്ടമുള്ള പേരുകള്‍ നിര്‍ദേശിക്കാനാകും. നേരത്തേ, ഡൊമെയ്ന്‍ നെയിമുകള്‍ക്ക് പരമാവധി മൂന്നക്ഷരങ്ങളാണ് അനുവദിക്കപ്പെട്ടിരുന്നത്. പുതിയ തീരുമാനത്തില്‍ അതിന് പരിധി നിര്‍ണയിക്കപ്പെട്ടിട്ടില്ല. അക്കങ്ങളും ഡൊമെയ്ന്‍ നെയിമില്‍ ഉള്‍പ്പെടുത്താനുമാകും.മാത്രമല്ല, ഏതു ഭാഷയിലും ഡൊമെയ്ന്‍ നെയിമുകളാകാമെന്ന പ്രത്യേകതയുമുണ്ട്. നേരത്തേ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് അവരുടെ രാഷ്ട്ര ഡൊമെയ്ന്‍ നെയിമുകള്‍ അറബിയില്‍ ഉപയോഗിക്കാന്‍ ഐകന്‍ അനുമതി നല്‍കിയിരുന്നു. പുതിയ തീരുമാനത്തോടെ ഈ പ്രവണത സാര്‍വത്രികമാകുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. പുതിയ രീതിയില്‍ ഡൊമെയ്ന്‍ നെയിം ലഭിക്കാന്‍ 185000 ഡോളറാണ് (ഏകദേശം 83.25 ലക്ഷം രൂപ)ഐകന്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്തവര്‍ഷം ജനുവരി 12 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക.

No comments:

Post a Comment