06 October 2011

1,140 രൂപക്ക് ‘കുട്ടി’ കമ്പ്യൂട്ടര്‍


ലോകത്തെ തന്നെ ഏറ്റവും ചെലവുകുറഞ്ഞ കൊച്ചു കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെപക്കലേക്ക്.

നികുതി അടക്കം 2,276 രൂപ മാത്രം വിലയുടെ ടാബ്ലറ്റ് പേഴ്സനല്‍ കമ്പ്യൂട്ടര്‍ ‘ആകാശ്’ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് പുറത്തിറക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പകുതി വിലക്ക് ഇത് ലഭ്യമാകും.വിവര സാങ്കേതികവിദ്യയിലൂടെ വിദ്യാഭ്യാസ പരിപാടി വിപുലപ്പെടുത്താനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ആകാശ് കമ്പ്യൂട്ടറുകള്‍ ചുരുങ്ങിയ വിലക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.

ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍, സഹമന്ത്രി പുരന്ദരേശ്വരി എന്നിവര്‍ ചേര്‍ന്നാണ് കമ്പ്യൂട്ടറുകള്‍ പുറത്തിറക്കിയത്. ലക്ഷം കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ഥി സമൂഹത്തിന് ഒരു മാസത്തിനകം വിതരണം ചെയ്യും. ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ കമ്പ്യൂട്ടറാണ് ആകാശ്. 400 ഗ്രാം ഭാരം. വന്‍കിട കമ്പനികളുടെ ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് 15,000 രൂപ വരെയാണ് ഇപ്പോള്‍ വില. ‘ആകാശ്’ എല്ലാ ഉപയോഗത്തിനും പൂര്‍ണസജ്ജമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല.

പ്രഖ്യാപിത വിലക്ക് കിട്ടാന്‍ വിദ്യാര്‍ഥി സമൂഹം കാത്തിരിക്കേണ്ടിയും വരും. എന്നാല്‍ കമ്പനികള്‍ തമ്മില്‍, വിലക്കിഴിവ് മത്സരത്തിന് ആകാശിന്‍െറ രംഗപ്രവേശം സഹായിക്കും. ആകാശിന്‍െറ വില 500 രൂപ മാത്രമാക്കി ചുരുക്കാനുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

12ാം പദ്ധതിക്കാലത്ത് ഈ കമ്പ്യൂട്ടര്‍ ഒമ്പത്, 10 ക്ളാസുകളിലെ കുട്ടികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പഠനവിവരങ്ങള്‍ എവിടെയിരുന്നും ഏതു സമയത്തും സമ്പാദിക്കാന്‍ ഈ കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ഥികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
രാജസ്ഥാന്‍ ഐ.ഐ.ടിയുടെ സഹകരണത്തോടെ ബ്രിട്ടീഷ് കമ്പനിയായ ‘ഡാറ്റാവിന്‍ഡ്’ ആണ് ആകാശ് രൂപകല്‍പന ചെയ്ത്, വികസിപ്പിച്ച്, നിര്‍മിച്ചെടുത്തത്. മാനവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍, ദേശീയ വിദ്യാഭ്യാസ മിഷന്‍െറ വിവര സാങ്കേതിക വിദ്യാ വിഭാഗത്തിന്‍െറ സഹകരണത്തോടെയാണിത്. ലക്ഷം കമ്പ്യൂട്ടറുകള്‍ മാനവശേഷി വികസന മന്ത്രാലയം ബ്രിട്ടീഷ് കമ്പനിയില്‍നിന്ന് വാങ്ങും.
വൈഫൈ ഇന്‍ര്‍നെറ്റ് ക്രമീകരണം, മള്‍ട്ടിമീഡിയ പ്ളേയര്‍ എന്നിവയുണ്ട്. ഒരു ഫേസ് ബട്ടണ്‍. രണ്ട് യു.എസ്.ബി പോര്‍ട്ട്, ഒരു മെട്രോ എസ്.ഡി കാര്‍ഡ്. 3.5 മില്ലിമീറ്റര്‍ ഹെഡ്ഫോണ്‍ ജാക്ക്. 366 മെഗാഹെട്സ് കണക്ഷസന്‍ഡ് പ്രോസസര്‍. 256 എം.ബി റാം. എച്ച്.ഡി വീഡിയോ പ്രോസസര്‍. 2ജി.ബി ബോര്‍ഡ് ഫ്ളാഷ് സ്റ്റോറജ്. 2100 എം.എ.എച്ച് ബാറ്ററി. മൂന്നു മണിക്കൂര്‍വരെ ഈ ബാറ്ററിയില്‍ ഓടും.സോഷ്യല്‍ നെറ്റ്വര്‍ക്കിങ്, ഇന്‍സ്റ്റന്‍സ് മെസേജിങ് സൗകര്യങ്ങളുണ്ടാവും.

സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ദേശീയപഠന പരിപാടിക്കു വേണ്ട വെബ് കോഴ്സിന്‍െറ സജ്ജീകരണങ്ങളുമുണ്ട്. ഇതുവഴി വീഡിയോ പ്രഭാഷണങ്ങള്‍, ആനിമേഷന്‍, നോട്ടുകള്‍, പരീക്ഷാ സൗകര്യങ്ങള്‍ എന്നിവ സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

1 comment:

  1. കുട്ടികൾക്കല്ല്ലാതെ മുതിർന്നവർക്ക് എത്ര കണ്ട് പ്രയോജനപ്പെടും
    പ്രസ്തുത കമ്പ്യുട്ടർ.

    ReplyDelete